മഴ(ന)ത്തുള്ളികള്‍…

ഒക്ടോബര്‍ 11, 2008

അച്ചനും, ക്രിസ്തുവും പിന്നെ ഞാനും…

ക്രിസ്തു പറഞ്ഞു “പാപമില്ലാത്തവര്‍ കല്ലെറിയട്ടെ!”
അച്ചന്‍ പറഞ്ഞു “കല്ലെറിയാത്തവര്‍ എല്ലാം പാപികള്‍!”
അലഞ്ഞൂ ഞാന്‍ വേശ്യയെത്തേടി കയ്യില്‍ കല്ലുമായി…

ക്രിസ്തു പറഞ്ഞു “ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ടല്ലോ!”
അച്ചനും പറഞ്ഞു “പള്ളിപ്പണി തന്നെ മുഖ്യം!”
മറിച്ചു ഞാന്‍ ദരിദ്രസഹായഫണ്ട്‌ പള്ളിപ്പണിയ്ക്കായ്‌…

ക്രിസ്തു പറഞ്ഞു “നിന്നെപ്പോലെ നിണ്റ്റെ അയല്‍ക്കാരനെയും സ്നേഹിയ്ക്കുക!”
അച്ചനും അതു തന്നെ പറഞ്ഞു!
അയല്‍ക്കാരിയുടെ കൈരേഖകള്‍ ഇപ്പോഴും എണ്റ്റെ കവിളില്‍ സുരക്ഷിതം!

ക്രിസ്തു പറഞ്ഞു “ഏഴ്‌ എഴുപതു വട്ടം ക്ഷമിയ്ക്കുക!”
അച്ചന്‍ പറഞ്ഞു “490 വട്ടം ക്ഷമിയ്ക്കുക!”
ആദ്യമായി ഞാന്‍ ഡയറിക്കുറിപ്പുകള്‍ എഴുതി, ക്ഷമിച്ചതിണ്റ്റെ കൌണ്ട്‌ സൂക്ഷിയ്ക്കാനായി…

ക്രിസ്തു പറഞ്ഞു “ഒരു ചെകിടത്തടിയ്ക്കുന്നവന്‌ മറ്റേതും കാണിച്ചു കൊടുക്കുക!”
അച്ചനും പറഞ്ഞു “അടിയേക്കാള്‍ ഭയങ്കരം ഈ മാനസിക പീഢനം!”
വാളിന്‌ മൂര്‍ച്ച കൂട്ടി ഞാന്‍ മാനസിക പീഢനങ്ങള്‍ അവസാനിപ്പിയ്ക്കാനായി…

Advertisements

ഒക്ടോബര്‍ 6, 2008

ചിന്തിയ്ക്കണോ?? അതോ വേണ്ടേ??

Filed under: Uncategorized — ഒയാസിസ്‌ @ 5:22 pm

കൂടുതല്‍ ചിന്തിയ്ക്കുന്നതു കൊണ്ടു മാത്രം ഉത്തരങ്ങള്‍ കിട്ടണമെന്നില്ല.
അതുതന്നെയല്ല, കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ ചിലപ്പോള്‍ ചിന്തകള്‍ ഉത്തരങ്ങളില്‍ നിന്നകന്നായിരിയ്ക്കാം പോകുന്നത്‌. ചിന്തയുടെ കാഠിന്യം കൂടുന്നതിനനുസരിച്ച്‌ പുതിയ സാധ്യതകള്‍ തുറക്കപ്പെടുകയാണ്‌. പിന്നെയേതുവഴി തിരഞ്ഞെടുക്കണമെന്നതിനെകുറിച്ചാകും ആശയക്കുഴപ്പം!
ചിന്തകളെ ക്രമപ്പെടുത്തി,വിശകലനം ചെയ്ത്‌, ക്രോഡീകരിച്ച്‌ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിവില്ലാത്തവന്‍ ചിന്തിയ്ക്കുന്നത്‌ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയേയുള്ളു. അല്ലെങ്കില്‍ തന്നെ ചിന്തയിലൂടെ ശാസ്ത്രീയമായി ഉത്തരം കണ്ടെത്താന്‍ കഴിയുന്ന ഏത്‌ ചോദ്യമാണുള്ളത്‌? ‘സനാതന’മായ ഉത്തരമുള്ള ഏതു ചോദ്യമാണിവിടെയുള്ളത്‌? നന്‍മ തിന്‍മകള്‍ പോലും ആപേക്ഷികമല്ലേ?
അപ്പോള്‍ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടിയുള്ള മനുഷ്യണ്റ്റെ ചിന്തകള്‍? അതില്‍ നിന്നുണ്ടാകുന്ന സിദ്ധാന്തങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, സാഹിത്യ സൃഷ്ടികള്‍, തിരിച്ചറിവുകള്‍… എല്ലാം മായയാണോ???
ഇനിയൊരു കാര്യം പറയാം, ഈ വക ആശയക്കുഴപ്പമൊന്നും കൂടുതല്‍ ചിന്തിയ്ക്കാത്ത, ഭാവനയുടെ Escape Velocity കടക്കാത്ത മനസുകള്‍ക്കുണ്ടാകില്ല. സത്യത്തില്‍ അവരാണോ ബുദ്ധിജീവികളെന്ന്‌ മേനി നടിയ്ക്കുന്ന ഒന്നിനും വ്യക്തമായ ഉത്തരങ്ങള്‍ കണ്ടുപിടിയ്ക്കാതുഴലുന്ന ആശയക്കുഴപ്പത്തിണ്റ്റെ ആള്‍ രൂപങ്ങളാണോ കൂടുതല്‍ സംതൃപ്തര്‍!!!

Create a free website or blog at WordPress.com.